മാപ്പ് പറഞ്ഞില്ലെങ്കിൽ നികുതിയില്ലാ ആനുകൂല്യങ്ങൾ റദ്ദാക്കും; ഹാർവാർഡ് സർവകലാശാലയ്ക്കെതിരേ ഭീഷണി തുടർന്ന് ട്രംപ്
Wednesday, April 16, 2025 6:41 AM IST
വാഷിംഗ്ടൺ ഡിസി: ഹാർവാർഡ് സർവകലാശാലയ്ക്കെതിരേ പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മാപ്പ് പറഞ്ഞില്ലെങ്കിൽ നികുതിയില്ലാ ആനുകൂല്യങ്ങൾ റദ്ദാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
രാഷ്ട്രീയ സ്ഥാപനമായി കണക്കാക്കി നികുതി ചുമത്തും എന്നും ട്രംപ് അറിയിച്ചു. അതേസമയം ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാത്ത സർവകലാശാലയെ അഭിനന്ദിച്ച് യുഎസ് മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ രംഗത്തെത്തി.
സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ടിംഗ് മരവിപ്പിച്ചിരുന്നു. കാമ്പസിലെ സാമൂഹിക, രാഷ്ട്രീയ പരിപാടികൾ പരിമിതപ്പെടുത്തണമെന്ന ട്രംപിന്റെ നിബന്ധന അംഗീകരിക്കാതിരുന്നതോടെയാണ് പ്രതികാരനടപടി. വെള്ളിയാഴ്ച സർവകലാശാലയ്ക്കയച്ച കത്തിൽ മെറിറ്റ് അധിഷ്ഠിത പ്രവേശനം, നിയമനം തുടങ്ങി നിരവധി പരിഷ്കാരങ്ങളാണു ട്രംപ് ഭരണകൂടം നിർദേശിച്ചത്.
അമേരിക്കൻ മൂല്യങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ സർക്കാരിനു റിപ്പോർട്ട് ചെയ്യുക, ജൂതവിരുദ്ധത പ്രകടമാകുന്ന പരിപാടികളും സർവകലാശാല ഡിപ്പാർട്ട്മെന്റുകളും പരിശോധിക്കുന്നതിനു സർവകലാശാലയ്ക്കു പുറത്തുനിന്നുള്ള സർക്കാർ അംഗീകൃത കക്ഷിയെ നിയമിക്കുക തുടങ്ങിയവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.