വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും
Wednesday, April 16, 2025 5:58 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികൾ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കും. 13-മത്തെ കേസായാണു ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തു കോൺഗ്രസ്, മുസ്ലിം ലീഗ്, സമസ്ത ഉൾപ്പെടെ നൽകിയ പത്തോളം ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്. ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ തുടങ്ങിയവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു നിരവധി ഹർജികൾ കോടതിക്കു മുന്നിലെത്തിയെങ്കിലും അവ പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിട്ടില്ല.
സിപിഐ, തമിഴ്നാട്ടിലെ ടിവികെ പാർട്ടി അധ്യക്ഷനും നടനുമായ വിജയ്, വൈഎസ്ആർസിപി, തൃണമൂൽ കോണ്ഗ്രസ് തുടങ്ങിയവരും വഖഫ് നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.