അശ്ലീലചിത്രങ്ങള്‍ കാണിച്ച് ലൈംഗികച്ചുവയോടെ സംസാരം: യുവാവ് അറസ്റ്റില്‍
Wednesday, April 16, 2025 2:06 AM IST
കൊച്ചി: നഗ്നചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയോടു ലൈംഗികച്ചുവയോടെ സംസാരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം മുണ്ടക്കയം സ്വദേശി അമല്‍ മിര്‍സ സലിം(19) ആണ് കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായത്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
വ്യാജ ഐഡി നിര്‍മിച്ച് ഇന്‍സ്റ്റഗ്രാം വഴിയാണു പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇവരുടെ പ്രൊഫൈലില്‍നിന്നുള്ള ഫോട്ടോ നഗ്നയാക്കിശേഷം പെണ്‍കുട്ടിക്കുതന്നെ അയച്ചുകൊടുക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയുമായിരുന്നു.
ഇതോടെയാണു പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. നേരത്തെ പോക്സോ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലായത്.
സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികളായ നിരവധി പെണ്‍കുട്ടികളോട് പ്രതി സമാനരീതിയില്‍ മോശമായി പെരുമാറിയിട്ടുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.