അഭിഭാഷക-വിദ്യാര്‍ഥി സംഘര്‍ഷം; ദൃശ്യങ്ങള്‍ ലഭിക്കാത്തത് പോലീസിന് വെല്ലുവിളി
Tuesday, April 15, 2025 9:46 PM IST
കൊച്ചി: എറണാകുളം ജില്ലാ കോടതി പരിസരത്ത് അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ്. മൂന്ന് കേസുകളിലായി 30 പേര്‍ക്കെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
അതിനിടെ സംഘഷത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണം തേടി പോലീസ് ജില്ലാ കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം അഭിഭാഷകരുടെയും വിദ്യാര്‍ഥികളുടെയും കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമമുള്ളതായും സൂചനയുണ്ട്.
ദൃശ്യങ്ങള്‍ ഇല്ലാത്തത് വെല്ലുവിളി
സംഘര്‍ഷത്തിനിടയാക്കിയ കാരണം തേടുന്ന പോലീസിനെ വലയ്ക്കുന്നത് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ ഇല്ലാത്തതാണ്. ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച പരിപാടിക്കെത്തിയ വിദ്യാര്‍ഥികള്‍ സ്ത്രീകളെ ശല്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് അഭിഭാഷകരുടെ വാദം.
എന്നാല്‍ വിദ്യാര്ഥനികളോട് അഭിഭാഷകര്‍ മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതില്‍ വ്യക്തത തേടിയാണ് പോലീസ് ജില്ലാ കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പരിസരത്ത് വേറെ സിസിടിവി കാമറകള്‍ ഇല്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയാകുന്നു.
മൂന്ന് കേസ് 30 പ്രതികള്‍
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ കോളജിലെ എസ്എഫ്ഐ ഭാരവാഹികളടക്കം 15 വിദ്യാര്‍ഥികള്‍ക്കും ഒമ്പത് അഭിഭാഷകര്‍ക്കും രണ്ട് പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. മൂന്ന് പരാതികളിലായി 30 പേര്‍ക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അഭിഭാഷകരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തോളം വിദ്യാര്‍ഥികള്‍ക്കെതിരേയും വിദ്യാര്‍ഥികളുടെ പരാതിയില്‍ 10 അഭിഭാഷകര്‍ക്കെതിരേയും സംഘര്‍ഷത്തിനിടെ പരിക്കേറ്റ പോലീസുകാരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേയുമാണ് സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.