പഞ്ചാബിനെ എറിഞ്ഞിട്ടു; കോല്‍ക്കത്തയ്ക്ക് 112 റണ്‍സ് വിജയലക്ഷ്യം
Tuesday, April 15, 2025 9:22 PM IST
ചണ്ഡിഗഡ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ കോല്‍ക്കത്തയ്ക്ക് 112 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. 20 പന്തില്‍ നിന്ന് 39 റണ്‍സടിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നാലെ ബാറ്റിംഗ് തകര്‍ച്ചയും തുടങ്ങി.
30 റണ്‍സ് നേടിയ പ്രഭ്സിമ്രാന് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. പ്രിയാന്‍ഷ് ആര്യ 22 റണ്‍സെടുത്തു. 18 റണ്‍സെടുത്ത ശശാങ്ക് സിംഗും 11 റണ്‍സെടുത്ത സേവ്യര്‍ ബാര്‍ട്ട്ലെറ്റുമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.
മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ, രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന് എന്നിവരാണ് പഞ്ചാബിനെ തകര്‍ത്തത്.