കെ.കെ.രാഗേഷിന് അഭിനന്ദനവുമായി ദിവ്യ എസ്. അയ്യര്‍; വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ്
Tuesday, April 15, 2025 8:16 PM IST
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ.രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ്. അയ്യരെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. എകെജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ദിവ്യ എസ്. അയ്യർ ഓർക്കണമെന്ന് വിജിൽ മോഹനൻ കുറ്റപ്പെടുത്തി.
ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാൽ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ്.അയ്യരെന്ന് വിജിൽ മോഹനൻ പറഞ്ഞു.
കെ.കെ.രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ദിവ്യ എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചതാണ് വിവാദമായത്. കര്ണ്ണന് പോലും അസൂയ തോന്നും വിധമുള്ളതാണ് കെകെആറിന്റെ കവചമെന്ന് ദിവ്യ എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!. ഞങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ പരിഗണിച്ചതിന് നന്ദി എന്നായിരുന്നു ദിവ്യ എസ്. അയ്യർ കുറിച്ചത്.