തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താം; നിയമോപദേശം ലഭിച്ചെന്ന് മന്ത്രി കെ.രാജൻ
Tuesday, April 15, 2025 6:45 PM IST
തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്നതിന് നിയമോപദേശം ലഭിച്ചെന്ന് മന്ത്രി കെ.രാജൻ. തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിനും ബാധകമാണെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായി മന്ത്രി പറഞ്ഞു.
കേന്ദ്ര ഏജന്‍സിയായ പെസോയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകും കളക്ടര്‍ അനുമതി നല്‍കുക. കേന്ദ്ര നിയമ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ തേക്കിന്‍കാട് മൈതാനത്തെ വെടിപ്പുര ഒഴിച്ചിടും.
വെടിമരുന്ന് സൂക്ഷിക്കുന്ന അറ ശൂന്യമാക്കി വയ്ക്കണമെന്ന പൊതു നിബന്ധന പാലിച്ചുകൊണ്ടാണ് ഇപ്രാവശ്യം വെടിക്കെട്ട് നടത്തുക. പുതിയ കേന്ദ്രനിയമം വെടിക്കെട്ടിന് തടസമാണെന്നും കേന്ദ്രം നിയമഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ.രാജനും ആര്.ബിന്ദുവും ആവശ്യപ്പെട്ടു.