നാഷണൽ ഹെറാൾഡ് കേസ്; ഇഡി കുറ്റപ്പത്രം സമർപ്പിച്ചു
Tuesday, April 15, 2025 6:24 PM IST
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്. കേസ് 25ന് കോടതി പരിഗണിക്കും. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസിന്റെ കോടികൾ വില വരുന്ന സ്വത്തുക്കൾ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് കേസ്.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് യംഗ് ഇന്ത്യൻ എന്ന കമ്പനിയുടെ ഡയറക്ടർമാർ. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി നേരത്തേ ചോദ്യംചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച നാഷണല്‍ ഹെറാള്‍ഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.