ഓഗസ്റ്റിൽ ടീം ഇന്ത്യ ബംഗ്ലാദേശിലേക്ക്; ഏകദിന, ട്വന്റി-20 പരമ്പരകളിൽ കളിക്കും
Tuesday, April 15, 2025 3:12 PM IST
മുംബൈ: ഓഗസ്റ്റ് മാസത്തിൽ ടീം ഇന്ത്യ ബംഗ്ലാദേശിൽ പര്യടനം നടത്തും. ആറ് പരിമിത ഓവർ മത്സരങ്ങളാകും പരമ്പരയിൽ ഉണ്ടാവുക. ഏഷ്യാകപ്പ് ട്വന്റി-20 ടൂർണമെന്റിന് മുന്നോടിയായി മൂന്ന് ട്വന്റി-20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും ഇന്ത്യ കളിക്കും.
2014ന് ശേഷം ആദ്യമായാണ് ഇന്ത്യ പരിമിത ഓവർ മത്സരങ്ങൾ മാത്രമുള്ള പരമ്പര ബംഗ്ലാദേശിൽ കളിക്കുന്നത്. പരമ്പരയിൽ ആദ്യ രണ്ട് ഏകദിനങ്ങൾക്കും അവസാന രണ്ട് ട്വന്റി-20 മത്സരങ്ങൾക്കും ധാക്ക വേദിയാകും. മൂന്നാം ഏകദിനവും ആദ്യ ട്വന്റി-20 മത്സരവും ചിറ്റഗോംഗിൽ നടക്കും.
ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ ഒരുക്കം കൂടിയായി ടൂർണമെന്റ് മാറും. ഇന്ത്യയാണ് ഏഷ്യാകപ്പ് ട്വന്റി-20 ടൂർണമെന്റിന് വേദിയാകുന്നത്.
ഓഗസ്റ്റ് 13ന് ടീം ഇന്ത്യ ധാക്കയിൽ എത്തും. ഓഗസ്റ്റ് 17ന് ഏകദിന പരമ്പര തുടങ്ങും. 20, 23 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങൾ നടക്കും. 26ന് ആദ്യ ട്വന്റി-20 അരങ്ങേറും. 29, 31 തീയതികളിൽ ട്വന്റി-20 പരമ്പരയിലെ രണ്ടും മൂന്നും പോരാട്ടങ്ങൾ നടക്കും.