വിദ്യാര്‍ഥികളെ സ്വന്തം ബസില്‍ എത്തിച്ചു; ബസ് ലോബിയുടെ കൊള്ളക്കൂലിക്ക് ആശ്വാസനിരക്കുമായി നിഥിന്റെ സേവനം
Tuesday, April 15, 2025 12:28 PM IST
ഏറ്റുമാനൂര്‍: കര്‍ണാടകയില്‍ നഴ്സിംഗ് പൊതുപ്രവേശന പരീക്ഷ എഴുതാന്‍ പോകാന്‍ യാത്രാ മാര്‍ഗമില്ലാതെ വലഞ്ഞ വിദ്യാര്‍ഥികളെ സ്വന്തം ബസില്‍ എത്തിച്ച് നീണ്ടൂര്‍ സ്വദേശി.
കര്‍ണാടക നഴ്സിംഗ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് എഴുതാന്‍ ബംഗളൂരുവിലും മംഗലാപുരത്തും പോകേണ്ട വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍, ബസ് ടിക്കറ്റ് ലഭിക്കാന്‍ ഉണ്ടായിരുന്നില്ല. വിഷു, ഈസ്റ്റര്‍ തിരക്കും അവധിയും വന്നതിനൊപ്പമാണ് എന്‍ട്രന്‍സ് പരീക്ഷയും എത്തിയത്. തിരക്കേറിയതോടെ സ്വകാര്യ ടൂറിസ്റ്റ് ബസ് കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. മൂവായിരം രൂപയും അതിനു മുകളിലുമായി ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു.
ഒരു വിദ്യാര്‍ഥി രക്ഷിതാവിനൊപ്പം പരീക്ഷയെഴുതാന്‍ പോയി വരുമ്പോള്‍ യാത്രാചെലവു മാത്രം പന്തീരായിരം രൂപയോളം ചെലവു വരുന്ന സാഹചര്യം. ഈ സാഹചര്യം മനസിലാക്കിയാണ് നീണ്ടൂര്‍ സ്വദേശിയും അമേരിക്കന്‍ ഈഗിള്‍സ് ടൂറിസ്റ്റ് ബസ് കമ്പനി ഉടമയുമായ നിഥിന് തോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമായി രംഗത്തു വന്നത്.
ടൂര്‍ പാക്കേജ് പെര്‍മിറ്റ് എടുത്താണ് നിഥിന് സര്‍വീസ് നടത്തുന്നത്. ഇരുവശത്തേക്കുമുള്ള യാത്രക്കായി നിഥിന് ഈടാക്കുന്നത് മൂവായിരം രൂപ മാത്രം. പരീക്ഷ എഴുതേണ്ട സാധാരണക്കാരായ വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ചോദിക്കുന്ന പണം ലഭിക്കുമായിരുന്നിട്ടും ഏറെ കുറഞ്ഞ നിരക്ക് ൗടാക്കി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്ന് നിഥിന് പറഞ്ഞു.
നിഥിന്റെ സന്മനസിനെ അഭിനന്ദിക്കുകയും ഏറെപ്പേര്‍ നന്ദി പറയുകയുമാണ്. കര്‍ണാടകയിലെ വിവിധ ദേശീയ ദിനപത്രങ്ങള്‍ വരെ ഈ സേവനത്തെപ്പറ്റി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു.