മാസപ്പടി കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും
Tuesday, April 15, 2025 12:07 PM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് പ്രതിയായ മാസപ്പടി കേസില്‍ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പകര്‍പ്പ് കൈമാറാന്‍ നിര്‍ദേശം നല്കി. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്കിയ അപേക്ഷയിലാണ് നടപടി.
മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു.
ഇതിനിടെയാണ് കേസില്‍ അന്വേഷണം നടത്തിയ എസ്എഫ്ഐഒ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി-7ല്‍ വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നിർദേശം അനുസരിച്ച് കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്നു തന്നെ ഇഡിക്ക് കൈമാറിയേക്കും. ഇതുകൂടി പരിശോധിച്ച് തുടര്‍നടപടികളിലേക്ക് പോകാനാണ് ഇഡിയുടെ തീരുമാനം.