അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണം; മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനംമന്ത്രി
Tuesday, April 15, 2025 11:37 AM IST
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഇത് സംബന്ധിച്ച് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അതിരപ്പിള്ളിയിലേത് അസാധാരണ മരണങ്ങളാണെന്ന് മന്ത്രി വിശേഷിപ്പിച്ചു. ഇവരുടെ മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
നിലവിൽ മുംബൈയിലാണ് വനംമന്ത്രിയുള്ളത്. സംഭവത്തിൽ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിരപ്പിള്ളിയിൽ വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയ രണ്ടുപേർക്കാണ് തിങ്കളാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ആദിവാസി വിഭാഗത്തിൽപ്പെട്ട, വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ താത്കാലിക കുടിൽകെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങൾക്കൊപ്പമാണ് ഇരുവരുമുണ്ടായിരുന്നത്.
ഇവർക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തപ്പോൾ എല്ലാവരും ചിതറിയോടി. എന്നാൽ സതീഷും അംബികയും ആനയുടെ മുന്നിൽ പെടുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്.