കെ.കെ. രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; തീരുമാനം ജില്ലാ കമ്മിറ്റി യോഗത്തിൽ
Tuesday, April 15, 2025 11:07 AM IST
കണ്ണൂർ: എം.വി. ജയരാജന് പകരം പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ. കെ. രാഗേഷ്. ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.കെ. രാഗേഷിന്റെ പേര് നിർദേശിച്ചത്. സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. കൂടാതെ, പന്ത്രണ്ട് അംഗ ജില്ലാ സെക്രട്ടറിയേറ്റും യോഗത്തിൽ രൂപീകരിച്ചു. എം. കരുണാകരനാണ് പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം.
ജില്ലാ സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്ത എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. രാഗേഷിനു പുറമേ സംസ്ഥാന കമ്മിറ്റി അംഗം തന്നെയായ എം. പ്രകാശൻ മാസ്റ്ററും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്നു.
എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാഗേഷ് കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. മുൻ രാജ്യസഭാംഗം കൂടിയാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറും.
1970 മേയ് 13ന് കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട്ട് ജനിച്ച കെ.കെ. രാഗേഷ് എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച രാഗേഷ് എസ്എഫ്ഐയുടെ അഖിലേന്ത്യാജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു.
2015ൽ കേരളത്തിൽനിന്നു രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2021 മേയിൽ രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ പ്രിയ വർഗീസ് ആണ് ഭാര്യ.