അടിയന്തര നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ വനംമന്ത്രി സ്ഥാനത്തിരിക്കുന്നത് എന്തിന്?: സതീശൻ
Tuesday, April 15, 2025 11:03 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാട്ടാന ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനുകൾ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുകയാണെന്ന് സതീശൻ വിമർശിച്ചു.
റിപ്പോർട്ട് തേടുകയെന്നത് മാത്രമല്ല വനം മന്ത്രിയുടെ ജോലി. അടിയന്തര നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ വനം മന്ത്രി എന്തിനാണ് സ്ഥാനത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
നടുക്കുന്ന വാർത്തകളാണ് മലയോര മേഖലയിൽനിന്ന് ദിവസവും പുറത്ത് വരുന്നത്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. വനാതിർത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സർക്കാർ നിസംഗരായി നിൽക്കുകയാണ്.
കാട്ടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവിവനംമന്ത്രി ഇനിയും പറയരുത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്.
വനാവകാശ നിയമപ്രകാരം കാട്ടിനുള്ളിൽ ആദിവാസികൾ താമസിക്കുന്നുണ്ട്. അവർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. യഥാർഥ പ്രശ്നത്തെ അഭിമുഖീകരിക്കാത്ത സർക്കാറും വനം വകുപ്പുമാണ് ഇതിൽ ഒന്നാം പ്രതിയെന്നും സതീശൻ വിമർശിച്ചു.