അനധികൃത സ്വത്ത് സമ്പാദനക്കേസ്: സിബിഐ അന്വേഷണത്തിനെതിരേ അപ്പീൽ പോകാൻ കെ.എം. എബ്രഹാം
Tuesday, April 15, 2025 9:19 AM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങി കിഫ്ബി സിഇഒ കെ.എം ഏബ്രഹാം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം അഭിഭാഷമാരുമായി ആശയ വിനിമയം നടത്തി. തന്റെ വാദം കേട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
നേരത്തെ, സിബിഐ അന്വേഷണം സധൈര്യം നേരിടുമെന്നും കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് രാജിവയ്ക്കില്ലെന്നും കെ.എം. ഏബ്രഹാം വ്യക്തമാക്കിയിരുന്നു. കിഫ്ബി സിഇഒ സ്ഥാനത്ത് തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷുദിന സന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ഹര്‍ജിക്കാരനെതിരെയും കടുത്ത ആരോപണമാണ് കെ.എം.ഏബ്രഹാം ഉന്നയിച്ചത്. ഹര്‍ജിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിന് തന്നോട് വിരോധമുണ്ട്. ധനസെക്രട്ടറിയായിരിക്കെ ഹര്ജിക്കാരൻ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ പിഴ ചുമത്തിയതിന്റെ വൈരാഗ്യമാണ് ഹർജിക്കാരന്.
മുൻ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് 20 കോടി രൂപയുടെ തിരിമറി നടത്തിയത് താൻ കണ്ടെത്തിയതാണ്. തനിക്ക് എതിരായ കോടതി വിധി നിര്‍ഭാഗ്യകരമാണ്. ഓരോ രൂപക്കും കണക്കുണ്ടെന്നും കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണെന്നും കെ.എം.ഏബ്രഹാം പറഞ്ഞു.
കോടതി വിധിയനുസരിച്ച് രാജിവെച്ചാൽ അത് ഹർജിക്കാരനും ആരോപണം ഉന്നയിച്ചവരും പറയുന്നത് ശരിയാണ് എന്ന് വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടുതന്നെ രാജിവെക്കില്ല. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
മുഖ്യമന്ത്രി തീരുമാനം പറഞ്ഞാൽ കിഫ്ബി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത് പരിഗണിക്കാമെന്നും ഏത് അന്വേഷണത്തെയും നേരിടാമെന്നും കെ.എം.ഏബ്രഹാം വ്യക്തമാക്കിയിരുന്നു.