അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
Tuesday, April 15, 2025 9:11 AM IST
തൃശൂര്‍: അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയ രണ്ടുപേരാണ് തിങ്കളാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ മരിച്ചത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട, വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ താത്കാലിക കുടിൽകെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങൾക്കൊപ്പമാണ് ഇരുവരുമുണ്ടായിരുന്നത്.
ഇവർക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തപ്പോൾ എല്ലാവരും ചിതറിയോടി. എന്നാൽ സതീഷും അംബികയും ആനയുടെ മുന്നിൽ പെടുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കഴിഞ്ഞ ദിവസം അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് ജീവൻ നഷ്ടമായിരുന്നു. ഇതോടെ 24 മണിക്കൂറിനിടെ മൂന്നുപേരാണ് കാട്ടാനക്കലിക്ക് ഇരകളായത്.