രാജസ്ഥാനിൽ ബിജെപി നേതാവിന്റെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ
Tuesday, April 15, 2025 2:28 AM IST
ജയ്പുർ: രാജസ്ഥാനിൽ വാക്കുതർക്കത്തിനിടെ പ്രാദേശിക ബിജെപി നേതാവിന്റെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ. സവായ്മാധോപൂർ ജില്ലയിലെ ബോളി ടൗണിലെ അംബേദ്കർ ചൗക്കിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
ബി.ആർ. അംബേദ്കറുടെ പ്രതിമ സ്ഥാപിച്ച സ്ഥലത്ത് സ്മാരക ഫലകം സ്ഥാപിക്കുന്നതിനെച്ചൊല്ലിയാണ് കോൺഗ്രസ് എംഎൽഎ ഇന്ദിര മീണയും ബിജെപി മണ്ഡലം പ്രസിഡന്റ് ഹനുമാൻ ദീക്ഷിതും തമ്മിൽ വാക്കേറ്റമുണ്ടായത്.
അംബേദ്കർ പ്രതിമ സ്ഥാപിച്ച സ്ഥലത്ത് നിന്നും തന്റെ പേരുള്ള സ്മാരക ഫലകം നീക്കം ചെയ്തതിനെ തുടർന്നാണ് ഇന്ദിര മീണ കോപാകുലയായത്. അവിടെയുണ്ടായിരുന്ന ബിജെപി നേതാക്കളാണ് ഫലകം നീക്കം ചെയ്തതെന്ന് അവർ ആരോപിച്ചു.
തുടർന്നാണ് ഇവർ ഹനുമാൻ ദീക്ഷിതിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തത്. ഇന്ദിര മീണയുടെ പ്രവൃത്തി ലജ്ജാകരമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് മാൻ സിംഗ് ഗുർജാർ പറഞ്ഞു.