കളിക്കുന്നതിനിടെ കാറിൽ കയറിയ രണ്ട് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
Tuesday, April 15, 2025 1:43 AM IST
ഹൈദരാബാദ്: ബന്ധുവീട്ടിലെത്തിയ രണ്ട് കുട്ടികൾ കളിക്കുന്നതിനിടെ കാറിനുള്ളിൽ അകപ്പെട്ട് ശ്വാസംമുട്ടി മരിച്ചു.
തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലിയിലുള്ള ദമർഗിഡ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ബന്ധുക്കൾ കൂടിയായ തൻമയി ശ്രീ (അഞ്ച്), അഭിനയ ശ്രീ (നാല്) എന്നിവരാണ് മരിച്ചത്.
രണ്ട് മണിക്കൂറോളമാണ് കുട്ടികൾ പുറത്തുകടക്കാനാവാതെ കാറിനുള്ളിൽ കുടുങ്ങിപ്പോയത്. കുട്ടികൾ പുറത്തു നിന്ന് കളിക്കുകയായിരിക്കുമെന്ന് കരുതി മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ശ്രദ്ധിച്ചതുമില്ല.
ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനാണ് കുട്ടികൾ മാതാപിതാക്കൾക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പം ബന്ധുവീട്ടിൽ എത്തിയത്. ഇരുവരും വീടിന് പുറത്തു നിന്ന് കളിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം.