ധോണിയും ദുബെയും തുണച്ചു; വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ
Monday, April 14, 2025 11:52 PM IST
ലക്നോ: ഐപിഎല്ലില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ചുവിക്കറ്റ് ജയം. സ്കോർ: ലക്നോ 166/7 ചെന്നൈ 168/5 (19.3). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു.
ചെന്നൈയ്ക്ക് വേണ്ടി ശിവം ദുബെ 42 റൺസും രചിൻ രവീന്ദ്ര 37 റൺസും നേടി. അവസാന ഓവറുകളിൽ മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടും നിർണായകമായി. 11 പന്തിൽ 25 റൺസാണ് ധോണി നേടിയത്. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ഷെയ്ഖ് മുഹമ്മദ് 27 റൺസ് നേടി.
ദുബെയും ധോണിയും ചേര്‍ന്ന് 57 റൺസിന്റെ പിരിയാത്ത കൂട്ടുകെട്ട് ജയത്തിൽ നിർണായക പങ്കുവഹിച്ചു. രാഹുല്‍ ത്രിപാഠി (ഒമ്പത്), രവീന്ദ്ര ജഡേജ (ഏഴ്), വിജയ് ശങ്കര്‍ (ഒമ്പത്) എന്നിങ്ങനെയാണ് മറ്റു സ്കോറുകള്‍.
ലക്നോവിനായി രവി ബിഷ്ണോയ് രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ദിഗ്വേഷ് സിംഗ് രതി, ആവേശ് ഖാന്, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റുകൾ നേടി. 49 പന്തില്‍ 63 റണ്‍സെടുത്ത റിഷഭ് പന്താണ് ലക്നോവിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.
ചെന്നൈക്കുവേണ്ടി രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ സീസണിൽ തുടർച്ചയായ അഞ്ചുതോൽവികൾക്ക് ശേഷമാണ് ചെന്നൈ വിജയവഴിയിലേക്ക് തിരിച്ചെത്തിയത്.