വളർത്തുനായയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഉടമയ്ക്കെതിരെ കേസെടുത്തു
Monday, April 14, 2025 11:12 PM IST
ഇടുക്കി: വളർത്തുനായയെ വെട്ടിപ്പരിക്കേൽപ്പിച്ച ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേൽപിച്ചത്.
വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപിച്ചത്. ശരീരമാകെ വെട്ടേറ്റ നായയെ തെരുവിലുപേക്ഷിക്കുകയായിരുന്നു. അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരമാണ് മുതലക്കോടത്ത് ദേഹമാസകലം പരിക്കേറ്റ നായയെ കണ്ടെത്തിയത്. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
നായയുടെ ദേഹത്ത് മാരകമായി പരിക്കേറ്റതായി കണ്ടതിനെ തുടര്‍ന്ന് ഇവര്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉടമയ്ക്കെതിരെ കേസ് എടുത്തത്.