പന്തിന് അർധസെഞ്ചുറി; ചെന്നൈയ്ക്ക് 167 റൺസ് വിജയലക്ഷ്യം
Monday, April 14, 2025 9:59 PM IST
ലക്നോ: ഐപിഎല്ലില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 167 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് നേടിയത്.
49 പന്തില്‍ 63 റണ്‍സെടുത്ത റിഷഭ് പന്താണ് ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. നാലുവീതം സിക്സും ഫോറും അടങ്ങുന്നതാണ് പന്തിന്റെ ഇന്നിംഗ്സ്. ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മോശം തുടക്കമായിരുന്നു ലക്നോവിന്. സ്കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ എയ്ഡന്‍ മാര്‍ക്രം (6), നിക്കോളാസ് പുരാന് (8) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.
മാര്‍ക്രമിനെ ഖലീല്‍ അഹമ്മദ് മടക്കിയപ്പോള്‍, പുരാന് അന്‍ഷൂല്‍ കാംബോജിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അഞ്ചാം വിക്കറ്റിൽ അബ്ദുള്‍ സമദുമായി പന്ത് നേടിയ 54 റൺസാണ് ടീം സ്കോര്‍ 150 കടത്തിയത്.