വനിതകൾ മാത്രമടങ്ങിയ ബഹിരാകാശ ദൗത്യം വിജയം; ചരിത്രമെഴുതി എൻഎസ് 31
Monday, April 14, 2025 9:40 PM IST
ടെക്സസ്: ബഹിരാകാശ യാത്രകളിൽ പുതു ചരിത്രമെഴുതി ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. പ്രശസ്ത പോപ്പ് ഗായിക കാറ്റി പെറി, ബ്ലൂ ഒറിജിൻ ഉടമ ജെഫ് ബെസോസിന്റെ പ്രതിശ്രുത വധു ലൗറൻ സാഞ്ചേസ് അടക്കം ആറ് വനിതകളായിരുന്നു യാത്രക്കാർ.
കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തി. പത്ത് മിനിറ്റോളം നീണ്ടുനിൽക്കുന്നതായിരുന്നു ദൗത്യം. ടെക്സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്.
ഭൂമിയിൽനിന്ന് നൂറുകിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റൽ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്. ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്.
കാറ്റി പെറി കൂടാതെ സിബിഎസ് അവതാരക ഗെയില്‍ കിംഗ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ എന്ഗുയിന്, ചലച്ചിത്ര നിര്‍മാതാവ് കെരിയാന ഫ്ളിന്‍, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരും ദൗത്യത്തില്‍ പങ്കാളികളാണ്.