ഐഎഎസ് തലപ്പത്തെ പോര് തുടരുന്നു; ചീഫ് സെക്രട്ടറിക്കെതിരെ വിമർശനവുമായി എൻ. പ്രശാന്ത്
Monday, April 14, 2025 3:20 PM IST
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍.പ്രശാന്ത് ഐഎഎസ്. ഹിയറിംഗിന്റെ ലൈവ് സ്ട്രീമിംഗും വീഡിയോ റെക്കോര്‍ഡിംഗും ചീഫ് സെക്രട്ടറി ആദ്യം സമ്മതിച്ചിരുന്നെന്നും പിന്നീട് പിന്മാറുകയായിരുന്നെന്നുമാണ് പ്രശാന്ത് ആരോപിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ രണ്ടു നോട്ടീസുകള്‍ പങ്കുവച്ചാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. വകുപ്പുതല നടപടിയുടെ ഭാഗമായ ഹിയറിംഗിനു ബുധനാഴ്ച ഹാജരാകണമെന്ന് പ്രശാന്തിന് നേരത്തെ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ നോട്ടീസ് നല്‍കിയിരുന്നു.
ഈ ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണമെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ ആവശ്യം ചീഫ് സെക്രട്ടറി നിരസിക്കുകയായിരുന്നു.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലക്, ഗോപാലകൃഷ്ണൻ എന്നിവരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ആരോപണത്തിലും പരാതിയിലുമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.