പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന്റെ കൈപ്പത്തി തകർന്നു
Monday, April 14, 2025 9:31 AM IST
ഇരിട്ടി: പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിനടുത്ത മീത്തലെ പുരയിൽ പ്രണവിനാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരം നാലിന് ചേളത്തൂരിലെ വീട്ടിലാണ് സംഭവം. വിഷു ആഘോഷത്തിനായി ഗുണ്ട് പൊട്ടിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി.
സ്ഫോടനശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.