മകളും മരുമകനും മർദിച്ചതായി പരാതി; പിതാവും രണ്ടാം ഭാര്യയും ചികിത്സയിൽ
Monday, April 14, 2025 7:04 AM IST
കൊച്ചി: മകളും മരുമകനും ചേർന്ന് പിതാവിനെയും രണ്ടാംഭാര്യയെയും വീട്ടിൽ നിന്നും തല്ലിപ്പുറത്താക്കിയതായി പരാതി. മർദനത്തിൽ പരിക്കേറ്റ ആലുവ മാറമ്പിള്ളി സ്വദേശി അബൂബക്കറും ഭാര്യ സൗജത്തും ആശുപത്രിയിൽ ചികിത്സതേടി.
പ്രവാസിയായിരുന്ന അബൂബക്കർ ഭാര്യ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം വീണ്ടും വിവാഹിതനായി. ഇതിൽ താത്പര്യമില്ലാതിരുന്ന മകളും മരുമകനും ഭീഷണിപ്പെടുത്തിയെന്നും വീട്ടിൽ നിന്ന് തല്ലി പുറത്താക്കിയെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
വിദേശത്ത് നിന്നും സമ്പാദിച്ച വീട്ടിൽ നിന്നാണ് തന്നെയും ഭാര്യയെയും ഇറക്കിവിട്ടതെന്ന് അബൂബക്കർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തടിയീറ്റപറമ്പ് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ അബൂബക്കറിന്റെ മകളോടും മരുമകനോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.