സര്‍പ്പദോഷം മാറാൻ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു; അമ്മയ്ക്കു വധശിക്ഷ
Monday, April 14, 2025 2:02 AM IST
ഹൈദരാബാദ്: സര്‍പ്പദോഷം മാറാന്‍ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്ന കേസില്‍ അമ്മയ്ക്ക് വധശിക്ഷ. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിനിയായ ബി.ഭാരതിയെയാണ് (ലാസ്യ,32) സൂര്യപേട്ട് അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഇവർ നിലവില്‍ ജയില്‍വാസം അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് മകളെ കൊലപ്പെടുത്തിയ കേസിൽ കോടതി വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്വമായതാണെന്ന് കോടതി വിലയിരുത്തി.
2021 ഏപ്രില്‍ 15നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവദിവസം ഭാരതി സ്വന്തം ദേഹത്തും കുഞ്ഞിന്റെ ദേഹത്തും മഞ്ഞളും കുങ്കുമവും പുരട്ടി പ്രത്യേക പൂജചെയ്തിരുന്നു എന്നും പോലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് മകളുടെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നും നാവ് അരിഞ്ഞെടുത്തെന്നുമാണ് പ്രോസിക്യൂഷന് കേസ്. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ഇവര്‍ ഭര്‍ത്താവ് കൃഷ്ണയ്ക്ക് ഒപ്പം താമസിച്ചുവരുകയായിരുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരുകിലോയുടെ തൂക്കുക്കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ കഴിഞ്ഞ ഒമ്പതാം തീയതി ഭാരതിയെ കുറ്റക്കാരിയെന്ന് കണ്ടെത്തുകയും ഒരുവര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.