കുട്ടികളെ തട്ടിക്കൊണ്ടുപോയി വൽപ്പന; മൂന്നുപേർ അറസ്റ്റിൽ
Monday, April 14, 2025 1:16 AM IST
ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തെയാണ് പിടികൂടിയത്.
ഇവരിൽനിന്ന് നാലുദിവസം പ്രായമായ ഒരു കുഞ്ഞിനെയും കണ്ടെത്തി. കുട്ടികളില്ലാത്ത ദമ്പതികളിൽ നിന്ന് അഞ്ച് മുതൽ പത്ത് ലക്ഷം വരെ രൂപ വാങ്ങിയാണ് ഇവർ വിൽപ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞുങ്ങനെ പലയിടങ്ങളിൽ നിന്ന് തട്ടിയെടുത്ത ശേഷം ഡൽഹിയിൽ എത്തിച്ച് വിൽക്കാനുള്ള ശ്രമത്തിനിടയാണ് ഇവർ പിടിയിലായത്. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് അറസ്റ്റ് ചെയ്തത്.
ഗുജറാത്തിലെയും രാജസ്ഥാനിലെയും വിദൂര ഗ്രാമങ്ങളും ആശുപത്രികളും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം. കുട്ടികളെ തട്ടിക്കൊണ്ടുവന്ന ശേഷം ഡൽഹിയിലെ ചേരി പ്രദേശങ്ങളിൽ താമസിപ്പിച്ച് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.