ഡൽഹിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചു; മുംബൈയ്ക്കു ജയം
Sunday, April 13, 2025 11:53 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശ വിജയം. സ്കോർ: മുംബൈ 205/5 ഡൽഹി 193/10 (19). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു.
മറുപടി ബാറ്റിംഗിൽ ഡൽഹി 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. ഇതോടെ 12 റൺസിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ തോൽവിയാണിത്.
33 പന്തിൽ 59 റൺസെടുത്ത തിലക് വർമയാണ് മുംബൈയുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ 17 പന്തിൽ പുറത്താകാതെ 38 റൺസെടുത്ത നമൻ ധിറിന്റെ പ്രകടനമാണ് മുംബൈയുടെ സ്കോർ 200 കടത്തിയത്.
ഡൽഹി ക്യാപിറ്റൽസിനായി കുൽദീപ് യാദവും വിപ്രാജ് നിഗവും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഡൽഹിക്കായി ഓപ്പണർ ജെയ്ക് ഫ്രെയ്സർ മക്ഗർഗ് റൺസെടുക്കും മുമ്പെ പുറത്തായി.
ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ കരുൺ 40 പന്തിൽ 89 റൺസാണ് അടിച്ചെടുത്തത്. എന്നാൽ കരുൺ പോയതോടെ ഡൽഹി ക്യാപിറ്റൽസ് കളിയും കൈവിട്ടു. 33 റൺസെടുത്ത അഭിഷേക് പോറലാണ് ഡൽഹി നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ.
അക്സര്‍ പട്ടേലിനെയും സ്റ്റബ്സിനെയും വേഗത്തിൽ നഷ്ടമായ ശേഷം ഡൽഹി 119/1 എന്ന നിലയിൽ നിന്ന് 144/5 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. മുംബൈയ്ക്കായി കരൺ ശര്‍മ്മ മൂന്നും മിച്ചൽ സാന്റനര്‍ രണ്ടും വിക്കറ്റും വീഴ്ത്തി. കരൺ ശര്‍മ്മയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.