പാലിയേക്കര ടോൾപ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ കേസെടുത്തു
Sunday, April 13, 2025 11:00 PM IST
തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ കേസെടുത്തു. ഞായറാഴ്ച വെളുപ്പിന് 1.30-നായിരുന്നു സംഭവം.
ടോൾപ്ലാസയിലെത്തിയ കാർ, ടോൾബൂത്ത് കടന്നതിനു ശേഷം ട്രാക്കിൽ നിർത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ടോൾപ്ലാസയിലെ ട്രാക്കുകളിൽ കാർ മാറ്റിമാറ്റിയിട്ട് ഇവർ പ്രശ്നമുണ്ടാക്കുന്നത് തുടർന്നു.
ചോദ്യം ചെയ്യാൻ ശ്രമിച്ച ജീവനക്കാരെ കാറിന്റെ ജാക്കി ലിവർ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ഇതിനിടെ ടോൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയതോടെ ഇവർ കാറുമായി കടന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ടോൾപ്ലാസ അധികൃതർ പുതുക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.