കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളുടെ ഭാഗമായിട്ടാണ്: രാജീവ് ചന്ദ്രശേഖർ
Sunday, April 13, 2025 9:52 PM IST
ന്യൂഡൽഹി: ഓശാനയോട് അനുബന്ധിച്ച് ഡല്‍ഹി സെന്റ് മേരീസ് പള്ളിയില്‍നിന്നു സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്കു നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്നും വിമർശിച്ചു.
വർഷങ്ങളായുള്ള മുനമ്പം വിഷയത്തില്‍ പരിഹാരം കണ്ടത് നരേന്ദ്ര മോദിയാണ്. മോദിക്ക് വോട്ട് ചെയ്യുന്നവർ അവിടെയില്ലാതിരുന്നിട്ടും വിഷയത്തിന് പരിഹാരം കണ്ടു. മറ്റ് രാഷ്ട്രീയ പാർട്ടികള്‍ പ്രീണന രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ക്രമസമാധാന പ്രശ്നവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഓശാന ഞായറിലെ പതിവ് പ്രദക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡൽഹി പോലീസ് തടയിട്ടത്.