നൈപുണ്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകിയതിൽ തെറ്റില്ല: പ്രശാന്ത് ശിവൻ
Sunday, April 13, 2025 3:12 PM IST
പാലക്കാട്: നഗരസഭയില്‍ ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകിയതിൽ തെറ്റില്ലെന്ന് പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. ഹെഡ്ഗേവാർ സ്വാതന്ത്യ സമര സേനാനിയാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാനായി ജവഹർ ലാൽ നെഹ്റുവിന്റെ പിതാവ് മോത്തിലാൽ നെഹ്റു തന്നെ എത്തിയിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഹെഡ്ഗേവാറിന്റെ പേരിൽ നിരവധി പദ്ധതികളുണ്ട്. ഇഎംഎസിന്റെ പുസ്തകത്തിൽ ഹെഡ്ഗേവാർ സ്വാതന്ത്യ സമര സേനാനിയാണെന്ന് പറഞ്ഞിട്ടുണ്ട്.
ഇഎംഎസിന്റെ പ്രസ്താവനയെ തള്ളിപ്പറയാനായി സിപിഎം നേതാക്കൾ തയാറാണോ. മോത്തിലാൽ നെഹ്റു ചെയ്തത് തെറ്റാണെന്ന് പാലക്കാട് എംഎൽഎയ്ക്ക് അഭിപ്രായമുണ്ടോ എന്നും പ്രശാന്ത് ചോദിച്ചു.
പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. പോലീസ് നടപടിയെടുക്കാത്തതിനാല്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകും.
പദ്ധതി നടപ്പാക്കാനുള്ള ശ്രമം തടഞ്ഞ പാലക്കാട് എംഎല്‍എ ഭിന്നശേഷിക്കാരോടും മാതാപിതാക്കളോടും പരസ്യമായി മാപ്പ് പറയണം. ഹെഡ്ഗേവാറിനെ അപമാനിച്ചതില്‍ എംഎല്‍എ ഓഫീസിലേക്ക് മാർച്ച് നടത്തും എന്നും അദ്ദേഹം അറിയിച്ചു.