തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം
Sunday, April 13, 2025 2:48 PM IST
തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. പേട്ട കല്ലുംമൂട് സ്വദേശി എം.എ.നന്ദനു നേരെയാണ് ആക്രമണമുണ്ടായത്.
സ്പാനർ കൊണ്ടുള്ള അടിയിൽ ഇയാളുടെ തലയ്ക്കും നടുവിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നന്ദൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വീട്ടിലേക്ക് പോകുന്നതിനിടെ മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. ഇവർ അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും നന്ദൻ പറഞ്ഞു.
നന്ദന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നന്ദന്റെ വീടിനും നേരെ മുൻപ് അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു.