അർധരാത്രിയിൽ പരിശോധന നടത്താനുള്ള നീക്കം അസാധാരണമെന്ന് സിദ്ദിഖ് കാപ്പൻ; ദുരൂഹതയില്ലെന്ന് പോലീസ്
Sunday, April 13, 2025 2:42 PM IST
മലപ്പുറം: അർധരാത്രിയിൽ വീട്ടിൽ പരിശോധന നടത്താനുള്ള പോലീസ് നീക്കം അസാധാരണമാണെന്ന് മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. 12 മണിക്ക് ശേഷം വീട്ടിൽ പോലീസെത്തുമെന്നാണ് അറിയിച്ചത്. കേരളാ പോലീസ് അന്വേഷിക്കുന്ന ഒരു കേസും നിലവിലില്ല. പിന്നെ പരിശോധന എന്തിനെന്ന് അവരാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതിയാണ് തനിക്ക് ജാമ്യം അനുവദിച്ചത്. അർധരാത്രി പരിശോധിക്കേണ്ട എന്ത് കാര്യമാണ് ഉള്ളതെന്ന് ചോദിച്ച സിദ്ധിഖ് കാപ്പൻ തനിക്ക് ഒട്ടും ഭയമില്ലെന്നും ഇതിലും വലുത് അനുഭവിച്ചതാണെന്നും കൂട്ടിച്ചേർത്തു.
ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് വേങ്ങര പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാർ കാപ്പന്റെ വീട്ടിൽ എത്തിയത്. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ സിദ്ധീഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്നു ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരം നൽകിയില്ലെന്നും കാപ്പൻ പറഞ്ഞു.
ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. പോലീസ് പരിശോധനയുണ്ടാകുമെന്ന് കരുതി ഇന്നു പുലര്ച്ചെ രണ്ടുമണിവരെ പോലീസിനെ കാത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി മാസത്തിൽ രണ്ട് തവണ ലക്നോ കോടതിയിൽ പോകുന്നയാളാണ് താൻ. എല്ലാ ജാമ്യവ്യവസ്ഥകളും കൃത്യമായി പാലിക്കുന്നുണ്ട്. രാത്രി 12 മണിക്ക് ശേഷം താൻ തന്റെ വീട്ടിൽ ഉണ്ടായിരിക്കണമെന്ന് ജാമ്യവ്യവസ്ഥയിലില്ലെന്നും സിദ്ദിഖ് കാപ്പൻ വ്യക്തമാക്കി.
അതേസമയം, പരിശോധനാ അറിയിപ്പിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ വിശദീകരണം. കേസുള്ള ആളുകളുടെ വീട്ടിൽ നടത്തുന്ന സാധാരണ പരിശോധന മാത്രമാണ് തീരുമാനിച്ചത്. പിന്നീട് അത് ഒഴിവാക്കിയെന്നും പോലീസ് പറഞ്ഞു.