കാവി വത്കരണത്തിന്റെ അജണ്ട ഗവർണർമാരെ കൊണ്ട് നടപ്പാക്കാനുള്ള ഇടപെടലുകൾ തിരുത്തപ്പെടുന്നു: എം.വി. ഗോവിന്ദൻ
Sunday, April 13, 2025 12:30 PM IST
കോഴിക്കോട്: ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നുള്ളതിന് തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കാവി വത്കരണത്തിന്റെ അജണ്ട ഗവർണർമാരെ ഉപയോഗിച്ച് നടപ്പിലാക്കാനുള്ള ഇടപെടലുകൾ തിരുത്തപ്പെടുന്നു. ജൂഡീഷ്യറിക്ക് അതിന്റേതായ ഇടപെടൽ നടത്താനുള്ള ശേഷിയുണ്ടെന്ന് ഒന്നുകൂടി വ്യക്തമാക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയ പരിധിയിൽ ഇടപെടാനാണ് കേന്ദ്ര സർക്കാർ നീക്കം. സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകും.
ഇതുസംബന്ധിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകാനുള്ള നീക്കങ്ങൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ജസ്റ്റീസുമാരായ ജെ.ബി. പർഡിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിനാണ് ഹർജി നൽകുക.