ജറുസലം പ്രവേശനത്തിന്റെ ഓര്മ പുതുക്കി ഇന്ന് ഓശാന ഞായർ; വിശുദ്ധവാരാചരണത്തിന് തുടക്കം
Sunday, April 13, 2025 11:57 AM IST
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. യേശുക്രിസ്തുവിന്റെ രാജകീയമായ ജറുസലം പ്രവേശനത്തിന്റെ ഓര്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാര്‍ഥനകളും കുരുത്തോല പ്രദക്ഷിണങ്ങളും നടന്നു.
എല്ലാ ജില്ലകളിലും ആരാധനാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തോപ്പില്‍ മേരി ക്വീന്‍ ദേവാലയത്തിൽ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു.
തലശേരി സെന്റ് ജോസഫ് കത്തീഡ്രലില്‍ ഓശാന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. എറണാകുളം സെന്റ്. ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ഓശാന ശുശ്രൂഷകളില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാർമികത്വം വഹിച്ചു.
പഴമ്പിള്ളിച്ചാല്‍ സെന്റ്. മേരീസ് ദേവാലയത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യ കാർമികനായി. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്ക് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ കോട്ടയം മണർകാട് സെന്റ്. മേരീസ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.