ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ്; പോലീസ് അന്വേഷണത്തിലെ പിഴവുകൾ വ്യക്തമാക്കി കോടതി
Sunday, April 13, 2025 9:49 AM IST
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പോലീസ് അന്വേഷണത്തിലെ പിഴവുകൾ വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നും കോടതി വ്യക്തമാക്കി.
പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല. രഹസ്യവിവരം ലഭിച്ചുവെന്ന വാദം പോലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞു. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പോലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ലെന്നും വനിതാ പോലീസിന്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി. രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്നും കോടതി പറഞ്ഞു. ഉത്തരവ് പറഞ്ഞ് രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പുറത്തുവന്നത്.
ഒരു വ്യക്തിയുടെ കൈയില്‍നിന്നും ലഹരിവസ്തു കണ്ടെടുത്താല്‍ അത് പിടിച്ചെടുക്കുന്നത് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം. എന്നാല്‍ ഈ കേസില്‍ ഒന്നാംപ്രതിയായ മോഡലിന്റെ ദേഹപരിശോധന നടത്തിയത് പോലീസ് ഉദ്യോഗസ്ഥയാണെങ്കിലും ലഹരിവസ്തു കണ്ടെടുക്കുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫീസര്‍ ഒപ്പം ഇല്ലായിരുന്നു എന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.
പോലീസിന്റെ ഒപ്പമുണ്ടായിരുന്ന ഗസറ്റഡ് ഓഫീസര്‍ പുരുഷനായിരുന്നതുകൊണ്ടുതന്നെ മോഡലിന്റെ ദേഹപരിശോധനാ വേളയില്‍ അദ്ദേഹത്തിന് കൂടെ നില്ക്കാന് നിയമം അനുവദിക്കുന്നില്ല. ഇക്കാരണത്താല്‍, ഒന്നാംപ്രതിയില്‍ നിന്ന് ലഹരിവസ്തു കണ്ടെടുത്തത് ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യത്തിലല്ല എന്ന പിഴവാണ് പോലീസിന് സംഭവിച്ചത്. ഇതിനെ മറികടക്കാന്‍ പോലീസ് മറ്റ് വഴികളൊന്നും തേടിയതുമില്ല. ഇതാണ് കേസില്‍ വലിയ തിരിച്ചടിയായത്.
പ്രതികള്‍ എല്ലാവരും ചേര്‍ന്നിരുന്ന് കൊക്കെയ്ന്‍ ഉപയോഗിച്ചു എന്നതാണ് പോലീസിന്റെ കേസ്. എന്നാല്‍ ഷൈന്‍ ടോം ചാക്കോയോ കൂടെ ഉണ്ടായിരുന്ന നാല് മോഡലുകളോ ലഹരിവസ്തു ഉപയോഗിച്ചു എന്നത് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കാന്‍ പോലീസിനായില്ല.
ഏഴുഗ്രാം കൊക്കെയ്ന്‍ ആയിരുന്നു പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് പിടിച്ചെടുത്തത് പ്രതികളില്‍ നിന്നാണെന്ന് തെളിയിക്കുന്ന കാര്യത്തില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടു എന്നാണ് കോടതിയുടെ കണ്ടെത്തല്‍.