മുംബൈ ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കിയത് ദുബായിൽ; റാണ ഐഎസ്ഐ ഏജന്റുമായി കൂടിക്കാഴ്ച നടത്തി എന്ന് എൻഐഎ
Sunday, April 13, 2025 9:29 AM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കിയത് ദുബായിലെന്ന് എൻഐഎ. ഐഎസ്ഐ ഏജന്റുമായി തഹാവൂർ റാണ ആദ്യ ചർച്ച നടത്തിയത് ദുബായിൽ വച്ച് ആണെന്ന് എൻഐഎ അറിയിച്ചു.
ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. ഐഎസ്ഐ ഏജന്റ് റാണയുടെയും ഹെഡ്ലിയുടെയും സുഹൃത്താണെന്നും സൂചനയുണ്ട്. റാണ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും എൻഐഎ വ്യക്തമാക്കി.
അതേസമയം മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂർ റാണയെ കൊച്ചിയിൽ എത്തിക്കും. മുംബൈയിലെ ഭീകരാക്രണത്തിന് പത്ത് ദിവസം മുമ്പ് 2008 നവംബർ പതിനാറിനാണ് റാണ കൊച്ചി മറൈൻ ഡ്രൈവിലെ ഹോട്ടലിൽ മുറിയിടുത്തിരുന്നു.
ഭാര്യയ്ക്കൊപ്പം രണ്ട് ദിവസം ഇയാൾ ഇവിടെ താമസിച്ചു. ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലിൽ അറിയിച്ചിരുന്നത്. എന്നാൽ എന്തിനാണ് ഇയാൾ കൊച്ചിയിൽ വന്ന് എന്നതിനെക്കുറിച്ചാണ് എൻഐഎ പരിശോധിക്കുന്നത്.
റാണയ്ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്. കൊച്ചി മാത്രമല്ല ബംഗളൂരു, ആഗ്ര അടക്കമുള്ള മറ്റ് നഗരങ്ങളും ഇക്കാലത്ത് റാണ സന്ദർശിച്ചിരുന്നു. കൊച്ചിയടക്കമുള്ള നഗരങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.