കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്തിയില്ല; 18,000 രൂപ പിഴ
Sunday, April 13, 2025 8:49 AM IST
കോഴിക്കോട്: ബസ് സ്റ്റേപ്പിൽ നിർത്താതെ പോയ കെഎസ്ആർടിസിക്ക് 18,000 രൂപ പിഴ. യാത്രക്കാരൻ ആവശ്യപ്പെട്ട് സ്റ്റോപ്പിൽ ബസ് നിർത്താതെ പോയതിന് ഉപഭോക്തൃകോടതിയാണ് കെഎസ്ആർടിസിക്ക് പിഴയിട്ടത്.
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയിൽനിന്ന് അദ്ദേഹത്തിന് അനുകൂല വിധിയുണ്ടായത്. 2024 ഒക്ടോബർ 18നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ചെറുവണ്ണൂർ സ്വകാര്യകോളജിലെ ലൈബ്രേറിയനായ ജമാലുദ്ദീൻ കോയാസ് സ്റ്റോപ്പിൽ നിന്നാണ് കോഴിക്കോട്-പാലക്കാട്ട് ടൗൺ ടു ടൗൺ ബസിൽ വള്ളുമ്പ്രത്തേക്ക് ടിക്കറ്റ് എടുത്തത്. കൊട്ടുക്കര സ്റ്റോപ്പിൽ ഇറങ്ങുന്നതിനായി ബസ് നിർത്താൻ ജമാലുദ്ദീൻ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ ബെല്ലടിച്ചെങ്കിലും ബസ് നിർത്താതെപോയി.
ഒടുവിൽ അടുത്ത സ്റ്റോപ്പായ കോളനിറോഡിൽ ഇറക്കി വിടുകയായിരുന്നു. ജമാലുദ്ദീൻ വക്കീലിനെ വയ്ക്കാതെ സ്വയം കേസ് വാദിക്കുകയായിരുന്നു. യാത്രക്കാരനുണ്ടായ നഷ്ടങ്ങളുടെ പേരിൽ 15,000 രൂപ നഷ്ടപരിഹാരം നൽകാനും 3000 രൂപ കോടതിച്ചെലവായി നൽകാനുമാണ് കമ്മീഷൻ ഉത്തരവിട്ടത്.