ബില്ലുകൾ തീർപ്പാക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കുമുള്ള സമയ പരിധി; കേന്ദ്രം പുനപരിശോധന ഹർജി നൽകും
Sunday, April 13, 2025 8:22 AM IST
ന്യൂഡൽഹി: രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയ പരിധിയിൽ ഇടപെടാൻ കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകും.
ഇതുസംബന്ധിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകാനുള്ള നീക്കങ്ങൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ജസ്റ്റീസുമാരായ ജെ.ബി. പർഡിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിനാണ് ഹർജി നൽകുക.
നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ല. പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റീസുമാരായ ജെ.ബി.പർഡിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ബില്ലിൽ തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രാഷ്ട്രപതി രേഖാമൂലം അറിയിക്കണം. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടു.
ഇതാദ്യമായാണ് നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി സമയപരിധി നിശ്ചയിക്കുന്നത്. ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201-ാം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഈ അനുച്ഛേദത്തിൽ സമയപരിധി നിശ്ചയിച്ചിരുന്നില്ല.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാതെ പിടിച്ചുവച്ച ശേഷം പിന്നീട് രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടി ഭരണഘടനാവിരുദ്ധം ആണെന്ന് വിധിച്ച് കൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. ഏപ്രിൽ എട്ടിന് തുറന്ന കോടതിയിൽ പുറപ്പെടുവിച്ച വിധിയുടെ പൂർണരൂപം വെള്ളിയാഴ്ച അർധരാത്രിയാണ് സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.