ശബരിമല വിമാനത്താവളം; ഡിപിആർ ഒരാഴ്ചയ്ക്കകം പൂർത്തിയാകും
Sunday, April 13, 2025 7:15 AM IST
തിരുവനന്തപുരം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ വിശദപദ്ധതി രേഖ (ഡിപിആർ) ഒരാഴ്ചയ്ക്കകം പൂർത്തിയാകും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനു വേണ്ടി സ്റ്റുപ്പ് എന്ന ഏജൻസിയാണ് ഡിപിആർ തയാറാക്കുന്നത്.
2024 ഫെബ്രുവരിയിലാണ് സ്റ്റുപ്പിനെ ചുമതല ഏൽപ്പിച്ചത്. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി ഇവരുടെ വിവരശേഖരണം കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഡിപിആർ ഉടൻ കെഎസ്ഐഡിസിക്ക് കൈമാറും.
അവർ ഇത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൊടുക്കും. മന്ത്രാലയം ഡിപിആർ അംഗീകരിക്കുന്നതോടെ പദ്ധതി നടത്തിപ്പ് ഘട്ടത്തിലേക്ക് കടക്കും.
കഴിഞ്ഞ ദിവസമാണ് പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി കിട്ടിയത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമാണ് ഏറ്റെടുക്കുന്നത്.