നാഷണൽ ഹെറാൾഡിന്റെ 661 കോടിയുടെ സ്വത്ത് ഏറ്റെടുക്കാൻ ഇഡി
Sunday, April 13, 2025 3:26 AM IST
ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ 661 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് പതിച്ചു.
ഡൽഹി ഐടിഒയിലെ ഹെറാൾഡ് ഹൗസ്, മുംബൈയിലെ ബാന്ദ്ര പ്രദേശത്തെ സ്ഥലം, ലക്നോവിലെ ബിഷേശ്വർ നാഥ് റോഡിലുള്ള എജെഎൽ കെട്ടിടം എന്നിവ അനധികൃത പണമിടപാട് തടയൽ നിരോധന നിയമം പ്രകാരം കണ്ടുകെട്ടാനാണ് നോട്ടീസ്.
2023 നവംബറിൽ ഇഡി കണ്ടുകെട്ടിയ ഈ സ്വത്തുക്കൾ നിയമത്തിലെ എട്ടാം വകുപ്പ്, റൂൾ 5(1) എന്നിവ പ്രകാരം ഏറ്റെടുക്കാനാണ് ഇഡി നീക്കം.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് ഫണ്ട് ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി നടപടി.