സുപ്രീം കോടതി വിധിക്ക് പിന്നാലെ തമിഴ്നാട്ടിൽ പത്ത് ബില്ലുകളും നിയമങ്ങളായി
Sunday, April 13, 2025 1:07 AM IST
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച പത്ത് ബില്ലുകൾ സുപ്രീം കോടതി വിധിക്ക് പിന്നാലെ നിയമങ്ങളാക്കി തമിഴ്നാട് സർക്കാർ ഗെസറ്റിൽ വിജ്ഞാപനം ചെയ്തു.
രാജ്യത്തെ നിയമ നിർമാണ ചരിത്രത്തിൽ ഇതാദ്യമായാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരമില്ലാതെ ബില്ലുകൾ നിയമങ്ങളായി പ്രാബല്യത്തിലായത്. ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഏപ്രിൽ എട്ടിന് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.
ബില്ലുകൾ വീണ്ടും സമർപ്പിച്ച 2023 നവംബർ 18ന് അംഗീകാരം ലഭിച്ചതായി കണക്കാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.