പിടിമുറുക്കി ലഹരി; അഞ്ചു വര്‍ഷത്തിനിടെ എറണാകുളത്തുനിന്ന് ചികിത്സ തേടിയത് 17,163 പേർ
സീമ മോഹന്‍ലാല്‍
Saturday, April 12, 2025 4:17 PM IST
കൊച്ചി: സംസ്ഥാനത്ത് ലഹരി ഹബായി എറണാകുളം മാറിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ചികിത്സ തേടിയവരില്‍ ഏറെപ്പേരും എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 17,163 പേരാണ് എറണാകുളം ജില്ലയിൽ നിന്നും ചികിത്സ തേടിയത്. ലഹരി ഉപയോഗത്തെ തുടർന്ന് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ആലപ്പുഴ ജില്ലയിലാണ്. 11 പേരാണ് അഞ്ച് വർഷ കാലയളവിൽ മരണപ്പെട്ടത്.
2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ എറണാകുളത്തുനിന്ന് ലഹരി ഉപയോഗത്തിന് ചികിത്സ തേടിയത് 712 പേരാണ്. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപഭോഗം മൂലം രോഗാവസ്ഥയില്‍ ആയവരാണ് ഇവര്‍. രണ്ടാം സ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്. ഇവിടെനിന്ന് 486 പേരാണ് ചികിത്സയ്ക്ക് എത്തിയത്. 462 പേരുമായി കൊല്ലവും 351 പേരുമായി കാസര്‍ഗോഡും തൊട്ടു പുറകിലുണ്ട്. ലഹരി ഉപയോഗം മൂലം ആലപ്പുഴ ജില്ലയില്‍ ഒരാള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2024 ല്‍ കൂടുതല്‍ പേര് ലഹരിക്കെതിരേ ചികിത്സ നേടിയത് എറണാകുളത്തുനിന്നു തന്നെയാണ്-5,357 പേര്. 3,231 പേരുമായി കോട്ടയം ജില്ല രണ്ടാം സ്ഥാനത്തും 2,947 പേരുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനത്തുമുണ്ടായിരുന്നു. ഇക്കാലയളവില്‍ ആലപ്പുഴ, കാസര്‍ഗോഡ് എന്നിവടങ്ങളില്‍ നിന്ന് ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2023 ലും ലഹരി ഉപയോഗിച്ച് എറണാകുളം ജില്ലയില്‍ നിന്ന് ചികിത്സ തേടിയത് 4,102 പേരാണ്. രണ്ടാം സ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്- 3,980 പേര്. 3,416 രോഗികളുമായി കൊല്ലം ജില്ലയാണ് മൂന്നാം സ്ഥാനത്തുള്ളത്. ആലപ്പുഴയില്‍ അഞ്ചും, കാസര്‍ഗോഡ് രണ്ടും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോന്നു വീതവും ലഹരി ഉപയോഗിച്ചു മരിച്ചവരുടെ വിവരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
2022 വര്‍ഷത്തെ കണക്കുകളിലും എറണാകുളത്ത് നിന്ന് ചികിത്സ തേടിയവരാണ് മുന്നിലുള്ളത്. ഇവിടെ നിന്ന് 4,052 പേര് ലഹരിക്ക് ചികിത്സ തേടി. 3,962 രോഗികളുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 3,894 രോഗികളുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്. ഇക്കാലയളവില്‍ ആലപ്പുഴയില്‍ നിന്ന് നാലും എറണാകുളത്ത് നിന്ന് ഒന്നും ലഹരി ഉപയോഗിച്ചുളള മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
2021 ല്‍ എറണാകുളത്തുനിന്ന് 2,940 പേരും കൊല്ലത്തുനിന്ന് 2,641 പേരും കോഴിക്കോട് നിന്ന് 2,590 പേരും ലഹരിക്ക് ചികിത്സ തേടി. കാസര്‍ഗോഡുനിന്ന് നാലും എറണാകുളത്തുനിന്ന് മൂന്നും മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.