അട്ടപ്പാടിയിൽ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ രക്ഷപെടുത്തി
Saturday, April 12, 2025 3:19 PM IST
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്നും യുവതി തട്ടിക്കൊണ്ടുപോയ നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപെടുത്തി. മേലേമുള്ളി സ്വദേശി സംഗീതയുടെ പെൺകുഞ്ഞിനെയാണ് രക്ഷപെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് കുഞ്ഞുമായി സംഗീത ആശുപത്രിയിൽ അഡ്മിറ്റായത്. ഇവർക്ക് സമീപമുണ്ടായിരുന്ന ബെഡ്ഡിൽ അഡ്മിറ്റായിരുന്ന പന്ത്രണ്ടുകാരന്റെ ബന്ധുവെന്ന വ്യാജേനയാണ് യുവതി ആശുപത്രിയിലെത്തിയത്.
രണ്ട് ദിവസമായി ആശുപത്രിയിൽ കറങ്ങി നടന്ന യുവതി സംഗീതയുമായി സൗഹൃദമുണ്ടാക്കി. ഇന്ന് ഉച്ചയോടെ കുഞ്ഞിനെ യുവതിയെ ഏൽപ്പിച്ചതിന് ശേഷം സംഗീത ഭക്ഷണംകഴിക്കാൻ പോയി. ഈ സമയം കുഞ്ഞുമായി ഇവർ കടന്നുകളയുകയായിരുന്നു.
മടങ്ങിവന്നപ്പോൾ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് സംഗീത ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് അഗളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.