ആശാസമരത്തിനു പിന്തുണയുമായി പൗരസാഗരം
Saturday, April 12, 2025 2:49 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ രാപ്പകൽ സമരം നടത്തുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി പൗരസാഗരം. രാവിലെ 11ന് തുടങ്ങിയ പൗരസാഗരത്തിൽ സാമൂഹ്യ സാംസ്കാരിക സിനിമ മേഖലയിൽ നിന്നുൾപ്പെടെയുള്ള നിരവധി പേർ പങ്കെടുത്തു.
ജസ്റ്റിസ് ഷംസുദീൻ, ജോയ് മാത്യു, എം.എൻ. കാരശേരി, ഖദീജ മുംതാസ്, എം.പി. അഹമ്മദ്, ഡോ. കെ. ജി. താര, സാറ ജോസഫ് ഉൾപ്പെടെയുള്ളവർ പിന്തുണ അറിയിച്ചുവെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.
തങ്ങളുടെ ന്യായമായ അവകാശങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാൻ തയാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ആശമാർ സമരം കടുപ്പിക്കുന്നത്. ഇന്നത്തെ സമരത്തിൽ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നുള്ള ആളുകൾ പങ്കെടുത്തുവെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്.
രാവിലെ പെയ്ത മഴയെ അവഗണിച്ചു കൊണ്ടാണ് ആശ പ്രവർത്തകർ സമരം ശക്തമാക്കാൻ തയാറെടുപ്പുകൾ നടത്തിയത്. അതേസമയം ആശമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 62 ദിവസം പിന്നിട്ടു. നിരാഹാരസമരം 24 ദിവസവും പിന്നിട്ടിരിക്കുകയാണ്.
ഇറോം ഷർമിള, മേധാ പട്കർ ഉൾപ്പെടെയുള്ള ആക്റ്റീവിസ്റ്റുകളും തങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും ആശാപ്രവർത്തകർ പറഞ്ഞു. ആശമാരുടെ കുടുംബാംഗങ്ങളും ഇന്നത്തെ പൗര സാഗരത്തിൽ പങ്കെടുത്തു.