ഗോകുലിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ
Saturday, April 12, 2025 1:52 PM IST
വയനാട്: കൽപ്പറ്റ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ പതിനേഴുകാരൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മരിച്ച ഗോകുലിന്റെ അമ്മ ഓമനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളത് പോലീസാണ്. അവർ തന്നെ കേസന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഹർജി മെയ് 27ന് വീണ്ടും പരിഗണിക്കും.
കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിലാണ് ആദിവാസി യുവാവായ ഗോകുലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.