പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും; സർക്കാർ ഹൈക്കോടതിയിൽ
Saturday, April 12, 2025 12:50 PM IST
കൊച്ചി: പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പുവരുത്തും. ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം അനുസരിച്ചാകും പൂരം നടത്തുകയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തൃശൂര്‍ പൂരം വെടിക്കെട്ട് ശബ്ദ മലിനീകരണവും അന്തരീക്ഷ മലിനീകരണവും സൃഷ്ടിക്കുന്നതിനാല്‍ ഇത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
വിഷയത്തിൽ കോടതി സർക്കാരിനോട് നിലപാട് തേടിയിരുന്നു. തൃശൂര്‍ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറാണ് സര്‍ക്കാരിന് വേണ്ടി നിലപാട് വ്യക്തമാക്കിയത്.
ഇത് രേഖപ്പെടുത്തിക്കൊണ്ട് കോടതി ഹർജി തീർപ്പാക്കി. നിയമലംഘനം ഉണ്ടായാല്‍ ഹര്ജിക്കാരന് കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹര്‍ജി അവസാനിപ്പിച്ചത്.