യൂട്യൂബറെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുക്കാൻ ശ്രമം; പ്രതി പിടിയിൽ
Saturday, April 12, 2025 11:03 AM IST
ന്യൂഡൽഹി: യൂട്യുബറെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം.
24കാരനായ യൂട്യൂബറുടെ പരാതിയിൽ വിശാൽ(25) എന്നയാളെ പോലീസ് പിടികൂടി. 13കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
യൂട്യൂബറുടെ ഭാര്യക്ക് പാരമ്പര്യസ്വത്തായി ലഭിച്ച ഒരു ഭൂമിയെക്കുറിച്ച് പ്രതി അറിഞ്ഞിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ബവാന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും 24 മണിക്കൂറിനുള്ളിൽ ബവാനയിലെ നിർമൽ വാടികയ്ക്ക് സമീപത്ത് നിന്നും പോലീസ് വിശാലിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
ബവാന നിവാസിയായ വിശാൽ മുമ്പ് ഒരു ക്രിമിനൽ കേസിൽ ഉൾപ്പെട്ടിരുന്നുവെന്നും ഭീഷണിപ്പെടുത്താൻ വിളിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.