രജൗരിയിലെ നിയന്ത്രണരേഖയിൽ ഏറ്റുമുട്ടൽ; സൈനികൻ വീരമൃത്യു വരിച്ചു
Saturday, April 12, 2025 10:39 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ രജൗരി ജില്ലയിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ സൈനികൻ വീരമൃത്യു വരിച്ചു. 9 പഞ്ചാബ് റെജിമെന്റിലെ കുൽദീപ് ചന്ദ് ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11ന് സുന്ദർബാനിയിലെ കെറി-ബട്ടൽ പ്രദേശത്ത് നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഭീകരരെ തടയുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
അതേസമയം, ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ജെയ്ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന.
കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു. തുടർന്ന് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.