ആസാമിൽ അപൂർവയിനം പല്ലികളെ കടത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ
Saturday, April 12, 2025 8:59 AM IST
ദിബ്രുഗഡ്: ആസാമിൽ അപൂർവയിനം പല്ലികളെ കടത്താൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. ടോക്കെ ഗെക്കോ എന്ന ഇനത്തിൽപ്പെട്ട 11 പല്ലികളെ കടത്താനുള്ള ശ്രമം ദിബ്രുഗഡ് പോലീസാണ് തകർത്തത്.
ദേബാഷിസ് ദോഹൂട്ടിയ (34), മനാഷ് ദോഹൂട്ടിയ (28), ദിപങ്കർ ഘർഫാലിയ (40) എന്നിവരാണ് അറസ്റ്റിലായത്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്നവയായി പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ടോക്കെ ഗെക്കോകളുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി ഏഴ് വർഷം വരെ കഠിനതടവ് ലഭിക്കാം. ഇന്ത്യയിൽ, ആസമിലെയും അരുണാചൽപ്രദേശിലെയും ചുരുക്കം ചില മേഖലകളിൽ മാത്രമേ ഈ ഇനങ്ങൾ കാണപ്പെടുന്നുള്ളു.
തെക്കുകിഴക്കൻ ഏഷ്യയിലെ ഗ്രേ മാർക്കറ്റിൽ ടോക്കെ ഗെക്കോകൾക്ക് ഉയർന്ന ഡിമാൻഡാണ്.